തിരുവനന്തപുരം: പതിനാല് വർഷം മുൻപ് മുങ്ങിമരണമെന്ന് എഴുതി തള്ളിയ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പാങ്ങോട് 14 വർഷം മുൻപ് മരിച്ച ആദർശ് വിജയ് എന്ന കുട്ടിയുടെ മരണമാണ് മുങ്ങിമരണമല്ല കൊലപാതകമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വിജയവിലാസത്തിൽ ആദർശ് വിജയുടെ 2019 ൽ നടത്തിയ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നു ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കുടുംബത്തിനു കൈമാറിയിരുന്നു.
ആദർശിനെ 2009 ഏപ്രിൽ അഞ്ചിനു വീടിനു സമീപത്തുള്ള രാമശേരി വയൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ പോസ്റ്റുമോർട്ടം റിപ്പോർടിൽ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റിരുന്നു എന്നു കണ്ടെത്തിയിരുന്നെങ്കിലും കുളക്കരയിൽ മൃതദേഹം കണ്ടെത്തിയതിനാൽ മുങ്ങി മരണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.
പിന്നീട് ആക്ഷൻ കൗൺസിലിൻറേയും ബന്ധുക്കളുടേയും പരാതിയെ തുടർന്നു കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തുടർന്ന് ആദർശ് മരിച്ചു കിടന്ന സ്ഥലത്തെ കുളം വറ്റിച്ചപ്പോൾ മൺവെട്ടിയും, രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയതാണ് നിർണായകമായത്. ഇതോടെ കൊലപാതകമെന്ന സംശയത്തെ തുടർന്നു ശവക്കല്ലറ തുറന്നു 2019 ഒക്ടോബർ 14 വീണ്ടും പോസ്റ്റുമോർട്ടം നടത്തി.
നട്ടെല്ലിനുണ്ടായിരുന്ന പൊട്ടൽ മുങ്ങിമരണ സാധ്യത പൂർണമായി തള്ളുകയായിരുന്നു. ഇതോടെ കൊലപാതകമെന്നു ഉറപ്പിച്ചെങ്കിലും കൃത്യം നടത്തിയത് ആരാണെന്ന് കണ്ടെത്താനായില്ല. തുടർന്ന് ഇതിന്റെ അമർഷത്തിൽ സമരത്തിന് ഒരുങ്ങുകയാണ് ആദർശിന്റെ രക്ഷിതാക്കൾ.