ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ് ആശുപത്രി. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ വയറ്റില്‍ സൂചി കയറ്റിയായിരുന്നു ശസ്ത്രക്രിയ.
ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നു. നാലാമത് ഗര്‍ഭം ധരിച്ചപ്പോഴും സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെയാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്തി ഗര്‍ഭം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.
എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.