കൊളത്തൂര്‍: കാറിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു അരക്കോടി രൂപയുടെ ചന്ദനം കടത്തിയ രണ്ടു പേര് അറസ്റ്റില്‍. മലപ്പുറം കൊളത്തൂരിലാണ് സംഭവം. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായാണ് ഇവരെ പിടികൂടിയത്.
വാഹന പരിശോധനയിലാണ് കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ ചന്ദമരക്കഷണങ്ങളുമായി ഇവര്‍ പിടിയിലായത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലേക്ക് കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
മച്ചാട് വനമേഖലയില്‍ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചതായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ജനുവരി ആദ്യവാരത്തില്‍ കണ്ടെത്തിയിരുന്നു. പാകമാകാത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം.
വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയത് പുറത്തെത്തിച്ചത്. മച്ചാട് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തുനിന്നും വന്‍ തോതില്‍ ചന്ദന മരങ്ങള്‍ മുറിച്ചിട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.