തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടുത്തം പൂർണമായും അണച്ചെന്ന് നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീ മാർച്ച് 13ന് പൂർണമായും അണച്ചതായി ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവർത്തനമാണ് ബ്രഹ്മപുരത്ത് നടത്തിയത്. ഇരുന്നൂറ്റി അൻപതോളം ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ രണ്ടു ഷിഫ്റ്റുകളിലായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. 2000 അഗ്നിശമനസേനാ പ്രവർത്തകരും 500 സിവിൽ ഡിഫൻസ് വൊളന്റിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായതായും മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് 13നു തീ പൂർണമായും അണയ്ക്കാനായി. ചെറിയ തീപിടിത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിന് മാർച്ച് 21-23 തീയതികളിലായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചു.
also read- മതിലും ചുമരും അർജന്റീനയുടെ നിറം; മുകളിൽ മെസിയുടെ ജേഴ്സിയും ഫുട്ബോളും; കളി പറയുന്ന സുബൈർ വാഴക്കാടിന് 70 ദിവസം കൊണ്ട് വീടൊരുക്കി പ്രവാസി
ഇതോടൊപ്പം മറ്റ് ഏജൻസികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതി സർക്കാർ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് 13 മുതൽ മേയ് 31 വരെയും സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സർക്കാർ ഇത് നടപ്പാക്കുന്നത്.
Discussion about this post