കൊല്ലം: ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ നടപടിയില്‍ ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും.
ആസ്റ്റര്‍ മെഡിസിറ്റി ഷീബയുടെ ചികിത്സ ഏറ്റെടുത്തിരിക്കുകയാണ്. ആസ്റ്റര്‍ മെഡിസിറ്റിയുടെ സിഇഒയുമായി സംസാരിച്ചു. ഷീബയ്ക്ക് എല്ലാവിധ സഹായങ്ങളും അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആ നല്ല തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ആസ്റ്ററിലെ ഡോക്ടര്‍മാരുമായും സംസാരിച്ചെന്നും എംഎല്‍എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഗണേഷ്‌കുമാര്‍ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.
ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനയ്ക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു.
നിയമസഭയില്‍ ഉന്നയിച്ച വിഷയത്തെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സ്നേഹത്തോടെ ഏറ്റെടുത്തുവെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘ഇന്‍ഫെക്ഷന്‍ മാറാതെ ഒരു രോഗിയെ പെരുവഴിയിലേക്കിറക്കിവിടുകയും ബസില്‍ കേറി സൗകര്യം പോലെ വന്നോളാന്‍ പറഞ്ഞത് മര്യാദകേടാണ്. നിങ്ങളൊക്കെ കണ്ടതല്ലേ. അവര്‍ വസ്ത്രം ഇടയ്ക്കിടെ മാററിയാലും അതില്‍ മിനിറ്റുകള്‍ കൊണ്ടാണ് പഴുപ്പൊക്കെ വരുന്നത്. ഇതൊക്കെ ആരെങ്കിലും പറയണ്ടേ? ആരെതിര്‍ത്താലും ഒന്നുമില്ല. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്’. രാഷ്ട്രീയമായിട്ടാണോ ഇത്തരം ഇടപെടലുകളെ കാണേണ്ടത് എന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ ചോദിച്ചു.