മലപ്പുറം: ആധികാരികമായി ഫുട്ബോൾ മത്സരങ്ങൾ വിലയിരുത്തി കളിയുടെ കമന്ററി മലപ്പുറം ഭാഷയിൽ പറയുന്നസുബൈർ വാഴക്കാടിന് ഒടുവിൽ തലചായ്ക്കാൻ സ്വന്തമായൊരു വീടൊരുങ്ങി. വീടിന്റെ ചുമര് മുഴുവൻ അർജന്റൈൻ ജഴ്സിയുടെ നിറമായ നീലയും വെള്ളയുമാണ്. വീടിന് മുകളിൽ ഫുട്ബോളും മെസ്സിയുടെ ജഴ്സിയും സ്ഥാപിച്ചിട്ടുണ്ട്.
യുഎഇയിലെ പ്രവാസിയായ വ്യവസായി സ്മാർട് ട്രാവൽ എംഡി അഫി അഹമ്മദാണ് വീട് നിർമ്മിച്ച് നൽകുന്നത്. പിതാവ് യുപിസി അഹമ്മദ് ഹാജിയുടെ ഓർമ്മയ്ക്കായി വീടിന് യുപിസി വില്ല എന്നാണ് പേര് നൽകിയിരിക്കുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഈ മാസം 19ന് തന്നെ പണി പൂർത്തിയാക്കി താക്കോൽ ദാനം നടക്കുമെന്നും അഫി അഹമ്മദ് വ്യക്തമാക്കുന്നു.
കടുത്ത മെസി-അർജന്റീന ആരാധകനായ സുബൈർ സോഷ്യൽമീഡിയയിലൂടെയാണ് കളിപറഞ്ഞ് ആദ്യകാലത്ത് താരമായത്. പിന്നീട് മാധ്യമങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇതിനിടെ ഖത്തർ ലോകകപ്പ് മത്സരങ്ങൾ തനി മലപ്പുറം ഭാഷയിൽ മത്സരങ്ങളെ അവലോകനം ചെയ്യുന്നതും കമന്ററി പറയുന്നതും അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി.
രസകരമായ സംസാരത്തിലും കളി പറച്ചിലിനിടയിലും സ്വന്തമായി വീടെന്ന സ്വപ്നം സുബൈറിന് ഒരു വിഷമമായിരുന്നു. ഇതറിഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അഫി അഹമ്മദ് സുബൈറിന് വീട് നിർമ്മിച്ച് നൽകാമെന്ന് അറിയിച്ച് രംഗത്തെത്തുകയായിരുന്നു.
ALSO READ- അമ്മയുടെ വിയോഗത്തിൽ ഉള്ളുനീറി ലെനയും ലെനസും പ്ലസ്ടു പരീക്ഷയെഴുതി; അന്ത്യചുംബനം നൽകി ഇളയ മകൻ എസ്എസ്എൽസി പരീക്ഷയ്ക്ക്; തീരാനോവായി മഞ്ജുഷയുടെ മരണം
സ്വാഗത സംഘം രൂപീകരിച്ച് ഈ മാസം 19ന് നടക്കുന്ന താക്കോൽ ദാന ചടങ്ങ് ആഘോഷമാക്കാനായി ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ. എഞ്ചിനീയർ സഫീറിന്റെ ജെംസ്റ്റോൺ എന്ന കമ്പനിയാണ് വീടിന്റെ രൂപകൽപ്പനയും നിർമ്മാണവും നടത്തിയത്.
ഖത്തറിൽ പോയി ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അഫി അഹമ്മദ് പറഞ്ഞെങ്കിലും സുബൈർ ആ വാഗ്ദാനം സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ജനുവരി ഒന്നിന് സുബൈറിന്റെ വീട്ടിലെത്തിയാണ് അഫി ആദ്യ ഘട്ട ചെലവിന് നാല് ലക്ഷം രൂപ കൈമാറിയത്. 70 ദിവസങ്ങൾ കൊണ്ട് വീട് പണി പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു.
Discussion about this post