തിരുവനന്തപുരം: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കിണറിനി മുകളിൽസ്ഥാപിച്ച പലകയിൽ കയറി നിന്ന് നൃത്തമാടിയ യുവാവിന് ദാരുണമരണം. നേമം പൊന്നുമംഗലം സ്‌കൂളിനു സമീപം ശങ്കർനഗറിൽ പ്രേംകുമാർ-ലത ദമ്പതിമാരുടെ മകൻ ഇന്ദ്രജിത്താ(ജിത്തു- 23)ണ് മരിച്ചത്. നൃത്തം ചെയ്യുന്നതിനിടെ പലക തകർന്ന് കിണറിലേക്ക് പതിക്കുകയായിരുന്നു.
അതേസമയം, ഇന്ദ്രജിത്ത് കിണറിൽ വീണതറിഞ്ഞ് രക്ഷിയ്ക്കാനിറങ്ങിയ സുഹൃത്തായ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി കുക്കു എന്നു വിളിക്കുന്ന അഖിലിനെ (30) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തിവിള ആശുപത്രിയിലാണ് ചികിത്സയിലാണ് അഖിൽ.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വരെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. ഈ പുരയിടത്തിൽ ഉപയോഗശൂന്യമായ കിണറിന് മുകളിൽ പലകയിട്ടാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള കേട്ടുകൊണ്ടു നിന്നത്.
ആവേശം കയറിത്തുടങ്ങിയപ്പോൾ യുവാക്കൾ നൃത്തം ആരംഭിച്ചു. ഇതിനിടെ പലകതകർന്നു. പലരും പലക തകരുന്നതറിഞ്ഞ് ചാടി മാറിയെങ്കിലും ഇന്ദ്രജിത്ത് കിണറിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഗാനമേള നിർത്തി ആളുകൾ ഓടിക്കൂടിയെങ്കിലും കിണറിലിറങ്ങാൻ ആരു തയ്യാറായില്ല. ഇതോടെയാ് അഖിൽ മുന്നോട്ട് വന്ന് കിണറിൽ ഇറങ്ങിയത്.
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആഴം കണറിനുണ്ടായിരുന്നതിനാൽ കിണറ്റിനുള്ളിൽ വച്ച് അഖിലിന് ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. ഇതോടെ തിരിച്ചു കയറാനാകാതെ അഖിൽ കിണറ്റിനുള്ളിൽ കുടുങ്ങി. പിന്നീട് അഗ്‌നിരക്ഷാ സേന എത്തിയാണ് ഇരുവരേയും കിണറിന് പുറത്തെത്തിച്ചത്.
ഇന്ദ്രജിത്തിന്റെ ജീവൻ സംഭവസ്ഥലത്ത് വെച്ചുതന്നെ നഷ്ടപ്പെട്ടിരുന്നു. ഗുരുതരാസ്ഥയിലായിരുന്ന അഖിലിനെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകൾ അഖിലിനുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.