കോട്ടയം: മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയും ആണ് മദ്യപിച്ച് ജോലി ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിയില്‍ ഹാജരാകുകയോ, ജോലിക്കിടയില്‍ മദ്യപിക്കുകയോ, മദ്യപിച്ച് ഓഫീസ് പരിസരത്ത് പ്രവേശിക്കുകയോ ചെയ്യരുതെന്ന സിഎംഡിയുടെ ഉത്തരവ് ലംഘിച്ച സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പത്തനംതിട്ട ഗ്യാരേജിലെ സ്റ്റോര്‍ ഇഷ്യൂവര്‍ വി ജെ പ്രമോദാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിപ്പോ ജീവനക്കാരന്‍. മാര്‍ച്ച് 2 ന് ഡ്യൂട്ടിക്കെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ ക്ലസ്റ്റര്‍ ഓഫീസര്‍ വി എസ് സുരേഷിന്റെ (അസി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍) ക്യാബിനില്‍ വെച്ച് നടന്ന യോഗത്തില്‍ അസിസ്റ്റ്റ്റ് ജാക്‌സന്‍ ദേവസ്യയുമായി വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ജാക്‌സന്‍ ദേവസ്യയെ കൈയ്യേറ്റം ചെയ്ത സംഭവത്തിലാണ് വിഎസ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രവര്‍ത്തിയിലും, പെരുമാറ്റത്തിലും മാതൃക കാട്ടേണ്ട മേലുദ്യോഗസ്ഥന്‍ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതും കീഴ്ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതും ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി ജോണ്‍ എന്നിവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്.
ഫെബ്രുവരി 21 ന് മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെ കറുകച്ചാല്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. കോഴഞ്ചേരി – കോട്ടയം സര്‍വ്വീസ് ബസ് ഓടിക്കുന്നതിനിടെയായിരുന്നു പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. പിന്നീട് രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വി രാജേഷിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് സര്‍വ്വീസ് മുടങ്ങി. കെഎസ്ആര്‍ടിസിക്ക് 7,000 രൂപ വരുമാന നഷ്ടവും ഇതിലൂടെ ഉണ്ടായിരുന്നു.