കൊച്ചി: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ജോലിയില്‍നിന്നു മാറിനിന്നുള്ള സമരം. ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല.
അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം.
അതേസമയം, ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐഎംഎ അറിയിച്ചു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളില്‍ ഡോക്ടര്‍മാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് എംഎല്‍എ കത്തു നല്‍കി. കുന്നമംഗലത്തെ ഇടതുസ്വതന്ത്ര എംഎല്‍എ പിടിഎ റഹീമാണ് മന്ത്രി വീണാ ജോര്‍ജിനു കത്തു നല്‍കിയത്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്കുമുന്നില്‍ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഇക്കാര്യത്തില്‍ മന്ത്രി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎല്‍എ മന്ത്രിക്കു കത്തു നല്‍കിയത്.
Discussion about this post