തിരുവനന്തപുരം: ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമണം വർധിക്കുന്നതിനിടെ ചില ഡോക്ടർമാർക്ക് തല്ലു കൊടുക്കേണ്ടതുണ്ടെന്ന് പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടർമാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലർക്ക് കൊള്ളേണ്ടതാണെന്നാണ് അദ്ദേഹം നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പ്രസംഗിക്കവെ പ്രതികരിച്ചത്.
തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയ്ക്ക് കൃത്യമായി ചികിത്സ നൽകാതെ ദുരിതത്തിലാക്കിയ ഉദാഹരണം ചൂണ്ടിക്കാണിച്ചാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. തന്റെ നിയോജക മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബർ 17 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അവരുടെ വയറ് അലമാര തുറന്നത് പോലെ വെട്ടി പൊളിച്ചേക്കുവാണെന്നാണ് എംഎൽഎ പറയുന്നത്.
കൂടാതെ, ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താൻ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. എന്നാൽ ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ജനറൽ സർജറി വിഭാഗം മേധാവി 2000 രൂപ വാങ്ങിയെന്നും തന്റെ പക്കൽ തെളിവുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തിയാൽ നൽകാമെന്നും ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി.
ഐഎംഒയും കെജിഎംഒ ആയിലും തനിക്കൊരു ഭയമില്ലെന്നും എംഎൽഎ പറഞ്ഞു. അതേസമയം, ശസ്ത്രക്രിയയ്ക്കു ശേഷം വയറിൽ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗികളിൽനിന്ന് ഇടനിലക്കാർ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘സർക്കാർ ആശുപത്രികളിൽ ത്യാഗപൂർണമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുണ്ട്. ഇതിന് അപവാദമായി പ്രവർത്തിക്കുന്ന ചിലരുണ്ടെന്നത് നിർഭാഗ്യകരമാണ്. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം’- മന്ത്രി വീണ ജോർജ് പറഞ്ഞു.