കൊച്ചി: മാലിന്യ പുകയിൽ വലയുന്ന ബ്രഹ്‌മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം എത്തിക്കാൻ നടൻ മമ്മൂട്ടി. രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം ചൊവ്വാഴ്ച മുതൽ ഇവിടെ സൗജന്യ പരിശോധനയ്ക്കെത്തും.
പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലായിരിക്കും മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് പര്യടനം നടത്താനായി എത്തുക.
വിദഗ്ദ്ധപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകൾക്കരികിലെത്തും. ഇതിൽ ഡോക്ടറും നഴ്സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവർക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും സൗജന്യമായി നൽകും.
ചൊവ്വാഴ്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാംവാർഡായ ബ്രഹ്‌മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധന നടത്തും.
ALSO READ- മരപ്പണിക്കാരല്ല, അമേരിക്കയിലെ ഈ കാർപെന്റേഴ്‌സ്; കീരവാണി പറഞ്ഞ കാർപെന്റേഴ്‌സ് ഇവരാണ്
ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം. ഇവയിൽ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങൾ വിലയിരുത്താൻ ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെൽ, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിരിക്കുകയാണ്.