മലപ്പുറം : വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണ വേട്ട. ഒരു കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് നരിക്കുനി സ്വദേശിനിയാണ് പിടിയിലായത്. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരാണ് അസ്മ ബീവി (32) യെ പിടികൂടിയത്.
എയർ ഇന്ത്യ എക്‌സ്‌പ്രെസ്സ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ അസ്മ ബീവി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. അസ്മ ബീവിയുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
ഈ പരിശോധനയിലാണ് അടിവസ്ത്രത്തിൽ സ്വർണം മിശ്രിത രൂപത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. 2031 ഗ്രാം തൂക്കം വരുന്ന രണ്ട് പാക്കറ്റുകളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.