കൊച്ചിക്കാര്‍ക്ക് ശ്വാസം മുട്ടി ജീവിക്കാന്‍ വയ്യ; ബ്രഹ്‌മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മമ്മൂട്ടി

പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്.

mammooty

കൊച്ചി: കൊച്ചിക്കാര്‍ക്ക് ഇനിയും ശ്വാസം മുട്ടി ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല. തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് ബ്രഹ്‌മപുരം വിഷയത്തില്‍ മെഗാതാരം മമ്മൂട്ടിയുടെ പ്രതികരണം.

‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്’

എന്ന് ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ മമ്മൂട്ടി പ്രതികരിച്ചു.

ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സിനിമാതാരങ്ങള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു

Exit mobile version