കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണ്ണമായും ശമിപ്പിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തില്‍ മറ്റൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഠിന പരിശ്രമത്തിനൊടുവില്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയര്‍ ഫോഴ്സ്, കോര്പറേഷന് അധികാരികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, പോലീസ് എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.
പുക ശമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തിലധികവും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍എസ് കെ ഉമേഷ് ഇന്നലെ പറഞ്ഞിരുന്നു. രാത്രിയോടെ പൂര്‍ണമായി അണക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കളക്ടര്‍ പറഞ്ഞു.
പുക ശമിപ്പിക്കുന്നതിന് രാപകല്‍ ഭേദമന്യേ ഊര്‍ജിതമായ ശ്രമങ്ങളാണ് നടന്നതെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളിലായിട്ടാണ് പ്രവര്‍ത്തനം നടന്നതെന്നും കളക്ടര്‍ പറഞ്ഞു. 200 അഗ്നിശമന സേനാംഗങ്ങളും 18 എസ്കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 68 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 55 കൊച്ചി കോര്പ്പറേഷന് ജീവനക്കാരും 48 ഹോം ഗാര്‍ഡുകളും ആറ് പോലീസുകാരും നേവിയുടെ അഞ്ച് പേരും ബിപിസിഎല്ലിലെ രണ്ട് പേരും സിയാലില്‍ നിന്ന് മൂന്ന് പേരും റവന്യു വകുപ്പില്‍ നിന്ന് നാല് പേരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
ആംബുലന്‍സും ആറ് പേര് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ടായിരുന്നു. പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഫോം ടെന്‍ഡര്‍ യുണിറ്റും 18 ഫയര്‍ യൂണിറ്റുകളും 18 എസ്കവേറ്ററുകളും 3 ഹൈ പ്രഷര്‍ പമ്പുകളും ഉപയോഗിച്ചിട്ടുണ്ട്.
Discussion about this post