കൊച്ചി: ഇന്നുതന്നെ പൂര്‍ണമായും ബ്രഹ്‌മപുരത്തെ തീയും പുകയും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പി രാജീവ്. ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂര്‍ണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അഞ്ചു സെക്ടറുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നു. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ടെന്നും കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചിക ( Air Qualtiy Index)യിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിന്റെ ഗുണനിലവാരം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകര്‍മപദ്ധതി അതിവേഗം നടപ്പിലാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണം ചെയ്തതുപ്രകാരം തന്നെ കര്‍മ്മപരിപാടി പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 11 ദിവസം നീണ്ട അധ്വാനത്തിനൊടുവിലാണ് ഏക്കറുകളിലായി വ്യാപിച്ച തീ നിയന്ത്രണത്തിലായതെന്ന് കലക്ടര്‍ അറിയിച്ചു.