കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടുത്തം കാരണമുണ്ടായ പുകയെ തുടർന്ന് ആരോഗ്യപരമായ മുൻകരുതൽ സ്വീകരിക്കാൻ സമീപപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി. വരുന്ന മൂന്ന് ദിവസം കൂടി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 13-03-23(തിങ്കൾ), 14-03-23(ചൊവ്വ), 15-03-23(ബുധൻ) ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധിയായിരിക്കും.
also read- ജാതിവിമർശനം പാടില്ല, മതവിമർശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകും? ചോദ്യവുമായി സലിം കുമാർ
എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് അറിയിച്ചിട്ടുണ്ട്.