ആലപ്പുഴ: തന്നെ കള്ളക്കുറ്റം മേൽ ചാർത്തി തല്ലിച്ചതച്ച് ആശുപത്രിയിലാക്കിയ ഓരോ പോലീസുദ്യോഗസ്ഥന്മാർക്കും നിയമത്തിന്റെ വഴിയെ സഞ്ചരിച്ച് കുരുക്കിലാക്കി എസ് അരുൺ. ഹരിപ്പാട് സ്വദേശിയായ ബാങ്ക് ജീവനക്കാരനായ അരുണിന് ഒരു ഹർത്താൽ ദിനത്തിലാണ് പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടി വന്നത്.
ചെയ്യാത്ത കുറ്റത്തിന് തന്നെ സ്റ്റേഷനിലിട്ട് മർദ്ദിച്ച് അവശനാക്കി കൊല്ലാക്കൊല ചെയ്ത ഡിവൈഎസ്പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് അരുൺ പോരാട്ടം നടത്തിയത്. ഒടുവിൽ ഈ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ കേസെടുക്കാനും വകുപ്പ് തല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഹരിപ്പാട്ടെ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ എസ് അരുണിനെ 2017 ഒക്ടോബർ 17 നാണ് ഒരു സംഘം പോലീസുകാർ തല്ലിച്ചതച്ചത്. യുഡിഎഫ് ഹർത്താലായിരുന്നു ആ ദിവസം. പതിവ് പോലെ ബാങ്കിൽ ജോലിക്ക് പോയ അരുൺ ഉച്ചക്ക് തിരിച്ച് വീട്ടിലെത്തിയിരുന്നു. ആ സമയത്ത് അരുണിനെ തേടി മഫ്തിയിൽ പോലീസുകാരെത്തി. സിഐ സ്റ്റേഷനിലെക്ക് ചെല്ലാൻ ആവശ്യപ്പെട്ടു എന്നറിയിച്ചു.
എന്താണെന്ന് തിരക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് അരുണിന് തന്നയാരോ കള്ളക്കേസിൽ കുടുക്കിയതാണെന്ന് തിരിച്ചറിഞ്ഞത്. കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു എന്ന കള്ളക്കേസ് ചുമത്തി അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇക്കാര്യം അരുൺ അറിഞ്ഞത് എഫ്‌ഐആർ കൈയ്യിൽ കിട്ടിയപ്പോൾ മാത്രമാണ്. കേസെടുത്തെന്ന് അറിയിച്ചതിന് പിന്നാലെ അന്നത്തെ ഹരിപ്പാട് സിഐയും ഇപ്പോൽ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ മനോജ് ടി നായർ, എസ്‌ഐ രതിഷ് ഗോപി എന്നിവരടക്കം ഏഴ് പൊലീസുകാർ ഈ ചെറുപ്പക്കാരനെ മരണത്തിന്റെ വക്കിലെത്തുവരെ തല്ലിച്ചതച്ചു. കേസിൽ അരുണിനെ റിമാൻറ് ചെയ്യാൻ മജിസ്‌ട്രേറ്റിന് ആശുപത്രി കിടക്കയിലേക്ക് എത്തിയിരുന്നു.
തുടർന്ന് നേരെ നിൽക്കാൻ പോലും ശേഷിയില്ലാതെ ഒരു മാസത്തോളം അരുൺ ആശുപത്രി കിടക്കയിൽ കഴിഞ്ഞു. പോലീസിന്റെ കൊടും ക്രൂരതയ്‌ക്കെതിരെ അരുണിന്റെ ഭാര്യ അശ്വതി ആദ്യം മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി. 35000 രൂപ നഷ്ടപരിഹാരം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും കമ്മീഷൻ ഉത്തരവിട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് കുടുംബം ഹൈക്കോടതിയിലെത്തി.
തുടർന്ന് മനുഷ്യാവകാശ കമീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത് കേസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരും ഹർജി നൽകി. എന്നാൽ അരുണിന്റെ കുടുംബത്തോടൊപ്പം നിന്ന ഹൈക്കോടതി രണ്ട് മാസത്തിനകം കമ്മീഷന്റെ വിധി നടപ്പാക്കാൻ ഉത്തരവിട്ടു. ഒപ്പം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും ക്രമിനൽ കേസും എടുക്കണമെന്നും കോടതി നിർദേശിച്ചു.