കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ സംഭവിക്കുന്നത് നിശബ്ദമായ വിസ്ഫോടനമാണെന്ന് സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഗുരുതരമായ വിഷപ്പുക ശ്വസിച്ചുകൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ ചിലയാളുകള്‍ അവിടെ നിന്ന് ഫൈറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രഹ്മപുരം വിഷയം തീര്‍ച്ചയായിട്ടും ഗുരുതരമായി മാറിക്കഴിഞ്ഞു. ആദ്യ ദിവസം മുതല്‍ ഇത് ഏറ്റവും ഗുരുതരമായ നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ഏറ്റവും വലിയ ഒരു ആ നിശബ്ദമായ വിസ്ഫോടനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ രാജ്യത്തെ ഒരു പൗരന് എന്ന നിലയ്ക്കാണ് പ്രതികരിക്കുന്നത്. ഈ വിഷപ്പുക വലിച്ചു കേറ്റുന്ന എല്ലാവര്ക്കും ഉള്ള ഒരു ധാരണയില്ലേ അതുപോരെ അതിനോട് പ്രതികരിക്കാന്‍? ശാസ്ത്രീയമായ വശങ്ങളൊക്കെ നമുക്ക് സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാകുന്ന നിലയ്ക്ക് മനസ്സിലാക്കിയിട്ടുള്ള ഒരാളാണ്. അതിനപ്പുറം ഇത് ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് നമ്മള് പഠിക്കേണ്ടിയിരിക്കുന്നത്.
ഇത് സംഭവിക്കും എന്ന് മനസ്സിലാക്കാന്‍ പോകുന്ന ജാഗ്രത എന്തുകൊണ്ട് നമുക്ക് ഇല്ലാതെ പോയി? നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ഇല്ലാതെ പോയി എന്ന ഗുരുതരമായ തെറ്റിനെ കുറിച്ചാണ് നമ്മള് ചര്‍ച്ച ചെയ്യേണ്ടതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
‘ഏത് നിലയ്ക്കാണ് ഇപ്പൊ കൈകാര്യം ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ഒരു ബോധം ഇല്ല എന്ന് വേണം മനസ്സിലാക്കാന്‍. കാരണം രണ്ട് ദിവസം മുമ്പ് ഇവിടെ വന്ന് ഈ പ്രദേശം സന്ദര്‍ശിക്കുകയും ഒക്കെ ചെയ്യുന്ന സംസ്ഥാന ഭരണത്തിനെ പ്രതിനിധീകരിക്കുന്ന ആളുകള്‍ പോലും പറഞ്ഞത് ആശങ്ക വേണ്ട എന്നാണ്. അപ്പോ അതൊക്കെ എന്തൊരു തമാശയാണ്.
ഇത്രയും ആളുകള്‍ ഈ വിഷപ്പുക ശ്വസിച്ചു കൊണ്ടിരിക്കുന്നു. അതിന് പരിഹാരം ഉണ്ടായിട്ടില്ല. തീ അണയ്ക്കുന്നതിനെക്കുറിച്ച്, നമ്മള് കാണുന്നത് കുറച്ച് മനുഷ്യര്‍ അവിടെ നിന്ന് ഈ ഗുരുതരമായ വിഷപ്പുകള്‍ ശ്വസിച്ചുകൊണ്ട് ഇതിനെ ഫൈറ്റ് ചെയ്യുന്നു എന്നതല്ലാണ്ട് അത് മനുഷ്യസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിനപ്പുറം വേറെ എന്താ സംഭവിക്കുന്നത്?”
‘രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ ആളുകള്‍ എവിടെ? രണ്ട് ദിവസം കൊണ്ട് ഇത് പരിഹരിക്കുമെന്ന് പറഞ്ഞ് ആളുകളോട് നിങ്ങള്‍ ചോദിച്ചോ? പത്ത് ദിവസമായിട്ട് എന്തുകൊണ്ടാണ് നിങ്ങള്‍ പരിഹരിക്കാത്തതെന്ന്? അതിന് കൃത്യമായ ഒരു ഉത്തരം ജനങ്ങളോട് പറയാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും കഴിഞ്ഞോ? ഗുരുതരമായ ക്രൈമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റകത്ത് യാതൊരു തര്‍ക്കവുമില്ല. അതിനൊരു ലേമാന്‍സ് ഇന്‍ഫര്‍മേഷന്‍ മതി.
ഈ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇത്രയധികം ഒന്ന് ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാല്‍ പത്ത് ദിവസത്തേക്ക് കത്താന്‍ പാകത്തില്‍, അല്ലെങ്കില്‍ ഇനി വരുന്ന ദിവസങ്ങളില്‍ ഇത് കത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഇത്രയധികം മാലിന്യം സംഭരിച്ചു വെച്ചു എന്ന് പറയുന്നത്, ഈ നഗരത്തിന്റെ നടുക്ക് ഒരു ആറ്റം ബോംബ് സ്ഥാപിച്ചിട്ട് അതിനൊരു ടൈമര്‍ ഫിക്സ് ചെയ്തു എന്ന് പറയുന്നത് പോലെയാണ്. ഇത് മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും ദിവസങ്ങളില്‍.
എന്നിട്ട് രണ്ടു ദിവസം കൊണ്ട് പരിഹരിക്കും. ജില്ലാ ഭരണകൂടം ഈ ദുരന്തനിവാരണത്തിന്റെ നേതൃത്വപരമായ ചുമതലകള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജില്ലാ ഭരണകൂടത്തിന്റെ തലവനെ മാറ്റുന്നത്. അപ്പോ അതുവരെ ചെയ്ത കാര്യങ്ങള്‍ ഫലപ്രദമായില്ല എന്ന് സാധാരണ ജനങ്ങള്‍ വിചാരിച്ചു കൂടെ? അപ്പോ ഇതിനൊക്കെ ആരാണ് ഉത്തരം പറയുന്നത്? ഇത് കൃത്യമായിട്ട് ഈ സ്ഥിതിവിശേഷം എന്താണ് എന്ന് ജനങ്ങളോട് ഏറ്റു പറയാന്‍, സംഭവിച്ചു പോയ പിഴവ് എന്താണ് എന്ന് ജനങ്ങളോട് ഏറ്റു പറയാന്‍ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? വെറുതെ ആശങ്ക വേണ്ട. രണ്ട് ദിവസം കൊണ്ട് കെടുത്തും. മൂന്ന് ദിവസം കൊണ്ട് കെടുത്തും. ഈ പുക കുഴപ്പമില്ല ഇത് ചന്ദനത്തിരി കത്തിച്ച് വെക്കുന്ന പോലെ കണക്കാക്കിയാല്‍ മതി. എന്നൊക്കെ പറയുന്ന കോമാളിത്തരങ്ങള്‍ അരങ്ങേറുന്ന നിലനില്ക്കാന് ഞാന്‍ എന്താണ്?”
”വൈറ്റില പോലെയുള്ള മേഖലകളില്‍ ഈ അല്ലാതെ തന്നെ വായു മലിനീകരണം അതിന്റെ ഏറ്റവും മോശം അവസ്ഥയിലെത്തിക്കഴിഞ്ഞു. കൊച്ചിയുടെ പൊല്യൂഷന്‍ ഇന്‍ഡക്സ് വളരെ കൃത്യമായ ജാഗ്രതയോടുകൂടി പഠിക്കുകയും ദൈനംദിനം അതിനെ സംബന്ധിച്ചുള്ള അപ്ഡേഷന്‍സ് സംഭവിക്കുകയും ഒക്കെ വേണം. കൊച്ചിയുടെ ചുറ്റുപാടുമായിട്ടുള്ളത് ഇവിടെ അമോണിയ പ്ലാന്റ് ഉണ്ട്. കാപ്രോലാക്ടം പ്ലാന്റ് ഉണ്ട്, റിഫൈനറി ഉണ്ട്. എഫ്എസിടി പോലെയുള്ള പൊല്യൂഷന്‍ സാധ്യതകളുള്ള ഒരുപാട് വ്യവസായ സ്ഥാപനങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ഈ പ്രദേശത്തിന്റെ ചുറ്റുപാടുമായി.
ഈ അമോണിയം പ്ലാന്റിലൊക്കെ ഇടക്കാലത്ത് ചെറിയ ചെറിയ ആ സൂചനകള്‍ നമ്മള് കണ്ടിട്ടുള്ളവരല്ലേ? അമോണിയം കൊണ്ടുപോയ ബാര്‍ജിന് തീപിടിച്ച സംഭവം ഉണ്ടായിട്ടില്ലേ. അപ്പൊ എപ്പോള്‍ വേണമെങ്കില്‍ അപകടം സംഭവിക്കാവുന്ന ഒരു ഗുരുതരാവസ്ഥയുടെ നടുക്ക് തന്നെയാണ് നമ്മള് ജീവിക്കുന്നത്. പൊല്യൂഷന്‍ ഇന്‍ഡക്സ് മറ്റൊന്ന്. അതിനെ സംബന്ധിച്ച് എന്തുകൊണ്ട് ജാഗ്രതയോടു കൂടി, ഇത് ഒഴിവാക്കാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പൊല്യൂഷന്‍ എങ്ങനെ ഒഴിവാക്കും എന്നുള്ളത് ചോദിച്ചാല്‍ അല്ലെങ്കില്‍ എങ്ങനെ കുറയ്ക്കും എന്നുള്ളതൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ അതിനൊക്കെ ആധികാരികമായ ഉത്തരം പറയേണ്ട ആളുകള്‍ ഏജന്‍സികള്‍ ഒക്കെ വേറെയാണ്.”- രണ്‍ജി പണിക്കര്‍ പ്രതികരിച്ചു.
Discussion about this post