കോന്നി: പത്തനംതിട്ട കോന്നിയിൽ അമിതവേഗത്തിലെത്തി അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസ് റോഡിൽ പറപറന്നത് നിയമങ്ങളൊന്നും പാലിക്കാതെ. ദിശ തെറ്റിച്ച് പാഞ്ഞുകയറിയ ബസിന് വേഗപ്പൂട്ടും ജിപിഎസ് സംവിധാനവും ഉണ്ടായിരുന്നില്ല.
മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദ പരിശോധനയിലാണ് ബസിന് വേഗപ്പൂട്ട് ഇല്ലെന്നതടക്കമുള്ള ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്. ഇൻഷുറൻസ് കാലാവധി തീരാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് അപകടമുണ്ടാക്കിയത്.
അതേസമയം, കെഎസ്ആർടിസി ബസ് അമിതവേഗതയിലായിരുന്നു എന്നു സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മുന്നിലൂടെ ശരിയായ ദിശയിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ അമിതവേഗത്തിൽ ബസോടിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.
തുടർന്ന് എതിരെവന്ന കാറിനെ ഇടിച്ചുതെറിപ്പിക്കുകയും പള്ളിയുടെ കമാനം ഇടിച്ചുതകർക്കുകയും ചെയ്ത് ബസ് മറിയുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തിൽ കാറും ബസും തകർന്നിരുന്നു. കമാനം തകർന്ന് ബസിന് മുകളിലേക്ക് വീഴുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പിന്നീട് ബസ് റോഡിൽനിന്ന് ഉയർത്തിമാറ്റിയത്.