പാലക്കാട്: പാലക്കാട് പോളി ക്ലിനിക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രസവത്തോടെ ഗുരുതരാവസ്ഥയിലായ വിനിഷയെ പാലക്കാട്ടെ വിവാദമായ തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കുമാണ് മാറ്റിയിരുന്നത്. പോളി ക്ലിനിക്കിലെ ഡോക്ടർമാരുടെ വീഴ്ചയാണ് യുവതിയുടെ ജീവനെടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പാലക്കാട് ധോണി സ്വദേശിനിയും ഷാർജയിൽ ഐടി എഞ്ചിനീറുമായ വിനിഷ (30) ആണ് മരിച്ചത്. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പോളി ക്ലിനിക്കിൽ വെച്ച് പ്രസവം നടന്നയുടനെ വിനിഷ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ഇരുവരേയും മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് ബന്ധുക്കളെ പോളി ക്ലിനിക് അധികൃതർ അറിയിക്കുകയായിരുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ വിനീഷയുടെ കുടുംബം മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി. പാലക്കാട് കുന്നത്തൂർമേടിലെ പാലക്കാട് പോളി ക്ലിനിക്ക് ആശുപത്രിക്ക് എതിരെയാണ് പരാതി.ഷാർജയിൽ ഐടി എൻജിനീയറായ വിനിഷ പ്രസവത്തിനായി മാത്രമാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.
അതേസമയം, വിനിഷയുടെ ആരോഗ്യ സ്ഥിതി വഷളായപ്പോൾ മാത്രമാണ് അധികൃതർ പോളി ക്ലിനിക് ഹോസ്പിറ്റലിൽ തുടർ ചികിത്സ നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് വിനീഷയുടെ ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് പെട്ടെന്ന് എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ കുടുംബം അടുത്തുള്ള തങ്കം ആശുപത്രിയിലേക്ക് വിനിഷയെ മാറ്റുകയായിരുന്നു.
അമ്മയെയും കുഞ്ഞിനേയും ഒരേ സമയത്തു തന്നെ പരിചരിക്കാൻ സാധിക്കാത്തതിനാൽ കുഞ്ഞിനെ അടുത്തുള്ള പാലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനീഷയെ തങ്കം ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം തീരെ കുറഞ്ഞ നിലയിലായിരുന്നു. പിന്നീട് തുടർ ചികിത്സ ഫലിക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദ്യം അഡ്മിറ്റ് ചെയ്ത ആശുപത്രിയായ പോളി ക്ലിനിക്കിലെ ചികിത്സാ പിഴവാണ് മരണകാരണമെന്നും അതിനാൽ നടപടിയെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
എന്നാൽ, വിനീഷയുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്നത് മുഴുവനും ചെയ്തിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, പോളിക്ലിനിക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസിലായതെന്ന് വിനീഷയുടെ പിതാവ് വൽസൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പിന്നീട് കൂടുതലായി പ്രതികരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പാലക്കാട് പോളി കില്‌നിക്കിൽ നിന്നും തുടർ ചികിത്സയ്ക്കായി വിനിഷയെ മാറ്റിയ തങ്കം ഹോസ്പിറ്റലും ചികിത്സാ പിഴവിന്റെ പേരിൽ നടപടി നേരിട്ട ആശുപത്രിയാണ്. പ്രസവ ചികിത്സയ്ക്ക് എത്തിയ രണ്ട് ഗർഭിണികളുടെ മരണം ഡോക്ടർമാരുടെ സസ്‌പെൻഷൻ അടക്കമുള്ള നടപടിക്ക് കാരണമായിരുന്നു.