കൊല്ലം: പഠനത്തിനും സ്വന്തം ആവശ്യങ്ങള്‍ക്കും പമം കണ്ടെത്താന്‍ ബസ് ഡ്രൈവറായി ഒരു പെണ്‍കുട്ടി. ചവറ – ഇളമ്പള്ളൂര്‍ റൂട്ടിലെ അഞ്ജൂസ് ബസിന്റെ ഡ്രൈവറായ 25കാരിയായ രൂപയാണ് എല്ലാവര്‍ക്കും മാതൃകയായി തീര്‍ന്നിരിക്കുന്നത്. കൊല്ലം എച്ച്.ആര്‍.ഡി സെന്ററില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ പി.ജി ഡിപ്ലോമ പഠിക്കുകയാണ് രൂപ.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് രൂപയ്ക്ക് ക്ലാസ്. അച്ഛന്റെ ബുള്ളറ്റ് ഓടിച്ചാണ് രൂപ കോളേജിലെത്തുന്നത്. ഒഴുവു ദിവസങ്ങളില്‍ ബസ്സിലെ ഡ്രൈവറായി ജോലി ചെയ്യും. കൊല്ലം കേരളപുരം തെക്കേവിള വീട്ടില്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ പ്രദീപിന്റെയും സുമയുടെയും മൂത്ത മകളായ രൂപയ്ക്ക് ചെറുപ്പത്തിലേ ഡ്രൈവിംഗില്‍ കമ്പമുണ്ടായിരുന്നു.
അങ്ങനെ കൊല്ലം എസ്.എന്‍ വിമെന്‍സ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടി. കഴിഞ്ഞ വര്‍ഷം ഹെവി ലൈസന്‍സ് കിട്ടി. ഫെബ്രുവരി ആദ്യമാണ് താത്ക്കാലിക ഡ്രൈവിംഗ് ജോലി ഏറ്റെടുത്തത്. ഡ്യൂട്ടി രാവിലെ 7മുതല്‍ വൈകിട്ട് 7വരെ.
also read: മദ്യപിച്ചെത്തി കല്യാണ മണ്ഡപത്തില്‍ കിടന്നുറങ്ങി വരന്‍: വിവാഹം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി വധു
പഠിക്കാന്‍ വേണ്ടി അച്ഛന്റെ കൈയ്യില്‍ നിന്നും വാങ്ങിയപ്പോഴാണ് തനിക്കുള്ള ചെലവിനുള്ള പണം ജോലി ചെയ്ത് കണ്ടെത്തണമെന്ന് രൂപ തീരുമാനിച്ചത്. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് സമ്മതം. അച്ഛന്‍ തന്നെയാണ് സുഹൃത്തായ ബസ് ഉടമയെക്കണ്ട് ജോലി ശരിയാക്കിക്കൊടുത്തത്.
ഡ്രൈവിംഗ് കഴിഞ്ഞ് രാത്രി മടങ്ങുമ്പോള്‍ അത്യാവശ്യം വീട്ടുസാധനങ്ങളും രൂപ വാങ്ങാറുണ്ട്. വല്ലപ്പോഴും അച്ഛനും അമ്മയ്ക്കും ചെറിയ തുക നല്‍കും. ഡ്രൈവിങ് ജോലി കഴിഞ്ഞാണ് പഠനം. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും എല്ലാത്തിനും രക്ഷിതാക്കളെ ആശ്രയിക്കരുതെന്നും രൂപ പറയുന്നു.