‘കൊച്ചുമകന്റെ പ്രായമുളള കുട്ടിയാണ് എന്നെ പറ്റിച്ചത്’: വ്യാജ നോട്ട് നല്‍കി വൃദ്ധയുടെ 4000 രൂപയുടെ ലോട്ടറി തട്ടിയെടുത്തു

കോട്ടയം: ‘കൊച്ചുമകന്റെ പ്രായമുളള കുട്ടിയാണ് എന്നെ പറ്റിച്ചത്’ – അത്രമേല്‍ വേദനയോടെ മുണ്ടക്കയം സ്വദേശിനിയായ 93കാരി ദേവയാനിയമ്മ പറയുന്നു. ലോട്ടറി വില്‍പ്പനക്കാരിയാണ് ദേവയാനിയമ്മ. 4000 രൂപയുടെ ലോട്ടറിയാണ് ഈ അമ്മൂമ്മയെ പറ്റിച്ച് യുവാവ് കവര്‍ന്നത്.

വ്യാജ നോട്ട് നല്‍കിയാണ് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തത്. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ സ്വദേശിയാണ് തട്ടിപ്പിന് ഇരയായ വയോധിക. ഇതോടെ ഇവരുടെ ജീവിത മാര്‍ഗം തന്നെ നിലച്ചു പോയ അവസ്ഥയാണ്. നാട്ടുകാരെല്ലാം ആ അതിബുദ്ധിയുള്ള കരുണയില്ലാത്ത യുവാവിനെ തേടുകയാണ്.

ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ദേവയാനിയമ്മ ഉപജീവനം നടത്തിവന്നിരുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുളള വെറും കടലാസാണെന്ന് അമ്മൂമ്മയ്ക്ക് മനസ്സിലായത്.

Exit mobile version