അബുദാബി: കാണാതെപോയ തത്തയ്ക്കു പകരം ലഭിച്ച തത്തയെ സ്വന്തമാക്കാതെ, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്കി അബുദാബിയിലെ മലയാളി കുടുംബം. തൃശൂര്‍ ചിറമനങ്ങാട് സ്വദേശി സൈനബ യൂസഫിനാണ് നഷ്ടപ്പെട്ട ‘മുത്ത്’ എന്ന തത്തയ്ക്ക് പകരം മറ്റൊരു തത്തയെ ലഭിച്ചത്. പക്ഷെ, നഷ്ടപ്പെടലിന്റെ വേദന അറിയുന്നതുകൊണ്ടാകാം അവര്‍ തത്തയെ ഉടമസ്ഥനു തിരികെ നല്കി.
ശുചീകരണ തൊഴിലാളികളാണ് സ്വത്തിനെ കൈമാറിയത്. അപ്പോള്‍ ഇതു ഞങ്ങളുടെ മുത്തല്ല…, വേണ്ട എന്നു പറഞ്ഞെങ്കിലും അവര്‍ സ്ഥലം വിട്ടു. 3 വര്‍ഷത്തോളം മക്കളിലൊരാളായി വളര്‍ത്തിയ മുത്തിനെ നഷ്ടപ്പെട്ട വേദനയില്‍ കണ്ണുനിറയാത്ത ദിവസങ്ങളില്ല. അപ്പോള്‍ സ്വത്തിനെ നഷ്ടപ്പെട്ടവര്‍ എന്തുമാത്രം വേദനിക്കുന്നുണ്ടാകും എന്ന ചിന്തയില്‍ നിന്നാണ് സ്വത്തിനെ ഉടമസ്ഥന് തിരികെ നല്കാന് തീരുമാനിച്ചത്.
തുടര്‍ന്ന് സ്വത്തിന്റെ ഫോട്ടോ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു. അഞ്ചാം ദിവസം ഉടമസ്ഥനായ പാക്കിസ്താന് സ്വദേശി ഡാനിഷ് എത്തി തത്തയെ ഏറ്റുവാങ്ങി. മലയാളികളോടും മറുനാട്ടുകാരോടും മുത്തിനെ കണ്ടുകിട്ടിയാല്‍ തരണമെന്ന് സൈനബ പറയും. ഭാഷ അറിയാത്തവരോട് വിഡിയോ കാണിച്ച് ചോദിക്കും. എത്ര വൈകിയാലും മുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സൈനബയും കുടുംബവും.