കോട്ടയം: വ്യാജ നോട്ടുകള്‍ നല്‍കി തൊണ്ണൂറ്റി മൂന്നുവയസ്സുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച് കണ്ണില്ലാ ക്രൂരത. കോട്ടയത്താണ് സംഭവം. മുണ്ടക്കയം സ്വദേശിനി ദേവയാനിയാണ് തട്ടിപ്പിനിരയായത്.
ദേവയാനിയെ 2000 രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കിയാണ് കബളിപ്പിച്ചത്. ജീവിക്കാന്‍ വേണ്ടിയാണ് ഈ പ്രായത്തിലും ദേവയാനി ലോട്ടറി കച്ചവടത്തിനിറങ്ങിയത്. മുണ്ടക്കയത്തും, എരുമേലിയിലും, ഇരുപത്തിയാറാം മൈലിലുമൊക്കെ ബസിലെത്തിയാണ് വയോധിക സ്ഥിരമായി ലോട്ടറി കച്ചവടം നടത്തുന്നത്.
also read: കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന, പ്രമുഖ നടന്‍ അറസ്റ്റില്‍
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വയോധിക തട്ടിപ്പിനിരയായത്. ഉച്ചയോടെ എരുമേലി കുറുവാമുഴിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്നതിനിടെ ഒരു കാര്‍ വന്ന് നിര്‍ത്തുകയും ദേവയാനിയെ കാറില്‍ കയറ്റുകയും ചെയ്തു. ശേഷം 100 ടിക്കറ്റുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവ് വാങ്ങി.
നാലായിരം രൂപയുടെ വ്യാജ നോട്ടുകള്‍ കൈമാറിയ ശേഷം വയോധികയെ വഴിയിലിറക്കവിടുകയും ചെയ്തു.ഇതിന് ശേഷം വീട്ടിലേയ്ക്ക് പോകുന്നതിനായി കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവറെ നോട്ട് കാണിച്ചതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും വ്യാജനോട്ട് നല്‍കി ലോട്ടറി വില്പനക്കാരെ കബളിപ്പിക്കുന്നത് സ്ഥിരമാകുന്നതായി പരാതിയുണ്ട്.