ബസില്‍ കണ്ടക്ടര്‍ ഇല്ലാതെയുള്ള യാത്ര ഒന്നാലോചിച്ച് നോക്കിയിട്ടുണ്ടോ..! ടിക്കറ്റ് കൊടുക്കാനും സ്‌റ്റോപ്പ് എത്തുമ്പോള്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കാനും അളില്ലാതെ എങ്ങനെ ശരിയാകും? എന്നാല്‍ യാത്രക്കാരെ അകമഴിഞ്ഞ് വിശ്വസിച്ച് സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ഉണ്ട് അങ്ങ് തലസ്ഥാന നഗരത്തില്‍.
പാലോട്-കല്ലറ റൂട്ടില്‍ ഓടുന്ന അനന്തപുരി ബസാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്നത്. ടിക്കറ്റ്കാശ് വാങ്ങുന്നതിന് ബസിനുള്ളില്‍ മൂന്നിടത്ത് ‘യാത്രാക്കൂലി ഈ ബോക്‌സില്‍ നിക്ഷേപിക്കുക’ എന്നെഴുതിയ ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇതിലേക്ക് യാത്രാക്കൂലി നിക്ഷേപിക്കും.
ഇനി ചില്ലറയില്ലെങ്കില്‍ ഡ്രൈവറുടെ സമീപത്തെ ബക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന നാണയത്തുട്ടുകളില്‍ നിന്ന് ചില്ലറ നല്‍കും. ഇനി കയ്യില്‍ പണമില്ലെങ്കില്‍ വിഷമിക്കേണ്ട ഗൂഗിള്‍ പേ ചെയ്യാനും ‘അനന്തപുരി’യില്‍ സൗകര്യമുണ്ട്.
ഉന്നത നിലവാരത്തോട് കൂടിയ സീറ്റുകളുള്ള ലോഫ്‌ലോര്‍ ബസ്, ഫെയര്‍സ്റ്റേജ് അടക്കം നിര്‍ദേശങ്ങള്‍ എഴുതികാണിക്കുന്ന സ്‌ക്രീന്‍, ഡ്രൈവറുടെ പക്കലുള്ള മൈക്കില്‍ സ്റ്റോപ് അനൗണ്‍സ്‌മെന്റ്, മിനി കംപ്യൂട്ടര്‍, മൈക്ക് സിസ്റ്റം, അകത്തും പുറത്തും സിസിടിവി, ബസ് എവിടെ എത്തിയെന്നറിയാന്‍ ഓണ്‍ലൈന്‍ ട്രാക്കിങ് സൗകര്യം തുടങ്ങിയ ബസില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സ്റ്റോപ്പ് എത്തുമ്പോള്‍ ബെല്ലടിയില്ല പകരം സ്വിച്ച് ഉണ്ട്. സ്റ്റോപ്പിലിറങ്ങാന്‍ സ്വിച്ച് അമര്‍ത്തിയാല്‍ മതി ശബ്ദം കേള്‍ക്കും. മൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയ ബസിനെ ഇത്തരത്തില്‍ മാറ്റിയെടുത്തത്. കണ്ടക്ടര്‍ ഇല്ലാതെയുള്ള യാത്രയ്ക്ക് പിന്നില്‍ പിന്നില്‍ ഉടമ അനൂപ് ചന്ദ്രന്റെ ആശയമാണ്. അനന്തപുരി ബസുകള്‍ക്കും അനൂപ് ചന്ദ്രന്റെ സ്വകാര്യ വാഹനങ്ങള്‍ക്കും 1414 എന്ന ഫാന്‍സി നമ്പറുകളാണ്. വിവിധ സീരീസില്‍ ഇതേ നമ്പറില്‍ 15 വാഹനങ്ങള്‍ ഉണ്ട്. 9 ബസുകളാണ് വിവിധ റൂട്ടുകളില്‍ ഓടുന്നത്.
അതേസമയം, സര്‍ക്കാര്‍ യാത്രാനിരക്ക് കൂട്ടിയിട്ടും പഴയനിരക്കില്‍ തന്നെ ഓടി വാര്‍ത്തകളില്‍ ഇടം നേടിയതാണ് അനന്തപുരി ബസുകള്‍. ആര്‍ടിഒ അധികൃതര്‍ പിടികൂടി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് കുറച്ച് ഓടുന്നത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റേറ്റ് കൂട്ടിയത്.