കൊച്ചി. കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നത് എപ്പോൾ സാധ്യമാകുമെന്ന് അറിയില്ലെന്ന് വ്യവസായ മന്ത്രി പി രാജിവ്. നിലവിൽ ആറടി താഴ്ചയിൽ തീയുണ്ടെന്നും കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
കൂടാതെ കൊച്ചി നഗരത്തിൽ നിന്നും മാലിന്യ നീക്കം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പുക ഇതുവരെപൂർണമായും നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചിട്ടില്ല. രാത്രിയിലും നടപടികൾ അധികാരികൾ കൈക്കൊള്ളുന്നുണ്ട്.
രാത്രിയിൽ പുതുതായി ചുമതലയേറ്റ കളക്ടർ എൻഎസ്‌കെ ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മാലിന്യം ഇളക്കി അടിയിലെ കനലിലേക്ക് വെള്ളം ഒഴിച്ച് തീ പടരുന്നത് തടയുവാനാണ് ശ്രമം. രാത്രി 26 എസ്‌കവേറ്ററുകളും എട്ട് ജെസിബികളുമാണ് മാലിന്യം കുഴിക്കാൻ ഉപയോഗിച്ചത്. 200 ഓളം അഗ്നിരക്ഷാ സേന അംഗങ്ങളും 50 സിവിൽ ഡിഫൻസ് വൊളന്റിയർമാരും 35 കോർപ്പറേഷൻ ജീവനക്കാരും പോലീസും ചേർന്നാണ് പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നത്.
നേവിയുടെ 19 ഉദ്യോഗസ്ഥരും ആറ് പേർ ആരോഗ്യവകുപ്പിൽ നിന്നും മൂന്ന് ആംബുലൻസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേവി ഹെലിക്കോപ്റ്ററിൽ ആകാശമാർഗം വെള്ളം ചീറ്റി തീയണയ്ക്കുകയാണ്. രാത്രി മുഴുവൻ മാലിന്യം ഇളക്കണമെന്നാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്.