കുട്ടനാട്: ആലപ്പുഴയിൽ ഈ ലോക വനിതാ ദിനത്തിൽ മാതൃകാപരമായ പ്രവർത്തി ചെയ്ത് ഹൃദയം നിറയ്ക്കുകയാണ് ഈ തൊഴിലുറപ്പ് തൊഴിലാളികൾ. തലവടി പഞ്ചായത്ത് 13-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് ആരോരും തിരിഞ്ഞു നോക്കാനില്ലാത്ത വയോധികയ്ക്ക് തണലായത്. നാലു മക്കളുണ്ടായിട്ടും ആരും സംരക്ഷിക്കാനില്ലാതെ ഭിക്ഷയെടുത്ത് ജീവിക്കേണ്ട് അവസ്ഥയിലെത്തിയ നാഗർകോവിൽ സ്വദേശിയായ ചെമ്പകാമ്മ (80) യ്ക്കാണ് ഇവർ സഹായമെത്തിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ ഇവർക്ക് ആവശ്യത്തിനു വസ്ത്രവും, ആഹാരവും ചികിത്സയ്ക്കായി ഒരു തുകയും സമ്മാനിക്കുകയായിരുന്നു. ഈ തൊഴിലാലികൾക്ക് ദിവസം ലഭിക്കുന്ന കൂലിയുടെ പകുതി വീതം സമാഹരിച്ചാണ് തുക കണ്ടെത്തിയത്. കൂടാതെ വനിതാദിനത്തിൽ ഇവരെ ആദരിക്കുകയും ചെയ്തു.
നാല് ആൺ മക്കളും ഭർത്താവും അടങ്ങിയ കുടുംബമാണ് ചെമ്പകാമ്മയുടേത്. രോഗം ബാധിച്ച് ഭർത്താവിന്റെ കാലുകൾ നീക്കം ചെയ്തതിന് പിന്നാലെ മക്കൾ ആരും തിരിഞ്ഞ് നോക്കാതെയായി. ആഹാരം കഴിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലെത്തി. പിന്നാലെ കുറച്ചു ദിവസം മുൻപ് ഇവരുടെ സഹോദരി നാഗർകോവിൽ നിന്നും ട്രെയിൻ മാർഗം തിരുവല്ലയിൽ എത്തിക്കുകയും പിന്നീട് എടത്വയിൽ കൊണ്ടു വിടുകയും ആയിരുന്നു. ഭിക്ഷയെടുത്തു ജീവിക്കാൻ പറഞ്ഞായിരുന്നു എടത്വയിൽ ഇറക്കി വിട്ടെതെന്നാണ് ചെമ്പകാമ്മ പറയുന്നത്.
ചെമ്പകാമ്മ കഴിഞ്ഞ ദിവസം തലവടി പുതുപ്പറമ്പ് ക്ഷേത്രത്തിനു സമീപത്ത് പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് ഭിക്ഷ യാചിച്ചിരുന്നു. ഇവരുടെ സങ്കടങ്ങൾ കേട്ട് വെറും കൈയ്യോടെ ചെമ്പകാമ്മയെ പറഞ്ഞയക്കാൻ മനസുവരാതെ തഒഴിലാളികൾ സഹായ ഹസ്തം നീട്ടുകയായിരുന്നു.
സിഡിഎസ് അംഗവും മേറ്ററുമായ സുലേഖയുടെ നേതൃത്വതിൽ ഇവരെ ആദരിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. ഇന്ദുലേഖ, രേഖ, കുഞ്ഞുമോൾ, മിനി കൊച്ചുമോൻ ചടങ്ങിന് നേതൃത്വം നൽകി.