ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം ജിഷ മോളെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് ജിഷമോളെ പത്തുദിവസത്തേക്ക് മാറ്റിയത്. കേസിൽ റിമാൻഡ് ചെയ്ത് മാവേലിക്കര ജയിലിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച രാത്രി പേരൂർക്കടയിലെത്തിച്ചത്. ജിഷമോൾ മാനസികാരോഗ്യപ്രശ്നത്തിനു മരുന്ന് കഴിക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് പേരൂർക്കടയിലേക്ക് മാറ്റിയത്.
കള്ളനോട്ട് ജിഷ മോളുടെ കൈയിൽ നിന്നാണ് കിട്ടയതെന്ന് സ്ഥിരീകരിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് പോലീസിന് ലഭിച്ചത്. അതേസമയം, ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇനി കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകൂ.
ജിഷ മോൾക്ക് കള്ളനോട്ടു മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായാണു വിവരം. ഇയാളാണ് ജിഷയ്ക്കു കള്ളനോട്ട് നൽകിയതെന്നാണ് അറിയുന്നത്.
സംഘത്തിൽ കൂടുതലാളുകളുണ്ടെന്നാണ് പോലീസ് നിഗമനം. അതേസമയം, അറസ്റ്റിലായ ജിഷമോളുടെ പ്രവർത്തനങ്ങൾ ദുരൂഹത നിറഞ്ഞതാണെന്നാണു പോലീസ് പറയുന്നത്. കൃഷി ഓഫീസിൽ കൃത്യമായി ഇവർ ഹാജരാകാറില്ലെന്ന് ആരോപണമുണ്ട്.
കൃഷിമന്ത്രി പി പ്രസാദ് ആലപ്പുഴയിൽ വിളിച്ചിട്ടുള്ള ഒരുയോഗത്തിലും ഇവർ പങ്കെടുത്തിട്ടില്ലെന്നും ഈ സമയത്തൊക്കെ ഇവർ അവധി എടുക്കാറായിരുന്നു പതിവെന്നും റിപ്പോർട്ടുണ്ട്. വിവാഹിതയായ ജിഷ ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡിൽ സിനിയാസ് ഹൗസിൽ ഒറ്റയ്ക്കായിരുന്നു താമസം. മോഡലിംഗ് രംഗത്തും സജീവമാണ്. ലീവെടുത്ത് ഫാഷൻ ഷോകളിൽ പങ്കെടുക്കാറുണ്ട്.