തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ചുടുകല്ലുകള്‍ ശേഖരിച്ച് തിരുവനന്തപുരം നഗരസഭ. ഇതുവരെ 95 ലോഡ് ചുടുകല്ലുകള്‍ ശേഖരിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ബാക്കിയുള്ളവയും ശേഖരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മേയര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനാണ് കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്ക് കട്ടകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മേയര്‍ പറഞ്ഞു.
ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും, കട്ടകള്‍ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ മേയറുടെ ഓഫീസില്‍ നല്‍കുന്നതിന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍, ആശ്രയ ഗുണഭോക്താക്കള്‍, വിധവ/വികലാംഗര്‍, മാരകരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കട്ടകള്‍ ആവശ്യമുള്ളവര്‍ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. നിലവില്‍ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും മേയര്‍ വ്യക്തമാക്കി.