ആലപ്പുഴ: കള്ളനോട്ട് കൈവശം വെച്ചെന്ന് തെളിഞ്ഞതോടെ കേസിൽ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ കൃഷി ഓഫീസർക്ക് സസ്പെൻഷൻ. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളാണ് സസ്പെൻഷൻ നേരിട്ടിരിക്കുന്നത്.
കള്ളനോട്ട് കേസിൽ ജിഷ മോളെ കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്. ജിഷമോളിൽനിന്ന് കിട്ടിയ നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. മത്സ്യബന്ധനസാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ ഏഴുകള്ളനോട്ടുകളുമായി ബാങ്കിലെത്തിയത്. നോട്ടുകൾ നൽകിയത് ജിഷമോളാണെന്ന് ഇയാൾ വെളിപ്പെടുത്തിയതോടെ ഇവരെ പോലീസ് ചോദ്യംചെയ്യുകയായിരുന്നു. ജിഷമോളെ പരിചയമുള്ളയാളാണ് കള്ളനോട്ടുമായി ബാങ്കിലെത്തിയതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു.
അതേസമയം, ജിഷ മോളുടെ കൂട്ടുപ്രതികളെ കുറിച്ച് ഇതുവരെ പോലീസിന് സൂചനകളില്ല. ഏറെനേരം ചോദ്യംചെയ്തിട്ടും കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ ജിഷമോൾ തയ്യാറായിട്ടില്ല. ഇതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തുടർന്ന് പോലീസ്. ഇവരുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. ഇതിനിടെ, ജിഷമോളെ കള്ളനോട്ടുനൽകി മറ്റൊരെങ്കിലും കെണിയിൽ പെടുത്തിയതാണെന്ന സംശയവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണ് ജിഷ മോൾ. ഇവർ മോഡലിംഗ് രംഗത്തും സജീവമാണ്. ഫാഷൻഷോകളിൽ ജിഷമോൾ പങ്കെടുക്കാറുണ്ട്. ബിഎസ്‌സി അഗ്രിക്കൾച്ചറൽ ബിരുദധാരിയായ ഇവർ നേരത്തെ എയർഹോസ്റ്റസായി ജോലിചെയ്തു വരികയായിരുന്നു.
2009-ൽ സ്പൈസസ് ബോർഡിൽ ഫീൽഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയിൽ വിഎച്ച്എസ്ഇ ട്യൂട്ടറായി നിയമനം കിട്ടി. പിന്നീട് 2013-ലാണ് കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.