ഇടുക്കി: ആംബുലന്‍സിനുള്ളില്‍ ആത്മവിശ്വാസത്തോടെ എസ്എസ്എല്‍സി പരീക്ഷയെഴുതി ആന്‍ മേരി. ഇടുക്കി നെടുങ്കണ്ടം രാമക്കല്‍മേട് സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആംബുലന്‍സിലിരുന്ന് പരീക്ഷ എഴുതിയത്.
തെന്നി വീണ് ഇടുപ്പെല്ലിന് സാരമായി പരുക്ക് പറ്റിയ ആന്‍മേരി തേനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്താം ക്ലാസ് പരീക്ഷ എഴുതുവാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ആന്‍ മരിയ പരീക്ഷ എഴുതണമെന്ന് രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും അറിയിക്കുകയായിരുന്നു.
മോഡല്‍ പരീക്ഷയ്ക്ക് ശേഷമാണ് ആന്‍ മരിയക്ക് അപകടം പറ്റിയത്. ചികിത്സയിലായിരുന്ന കുട്ടിയെ ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ ഇന്ന് രാവിലെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.
സ്‌ക്രൈബിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ഉള്ളിലിരുന്ന് പരീക്ഷയെഴുതുവാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷ അധ്യാപകരുടെ സഹായത്തോടെ പരിമിതികളെ മറികടന്ന് എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആന്‍മേരി.