കല്‍പ്പറ്റ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന് തനിക്കെതിരെ വധ ഭീഷണി ഉയരുന്നെന്ന് ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കെ അമ്മിണി. തന്റെ കുടുംബത്തേയും ചിലര്‍ വേട്ടയാടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. പോലീസ് സംരക്ഷണം നല്‍കണമെന്നും അമ്മിണി ആവശ്യപ്പെട്ടു.
ഡിസംബര്‍ 31ന് അര്‍ധരാത്രി കളത്തുവയല്‍ അമ്പലക്കുന്നിലെ സഹോദരിയുടെ വീട് അക്രമികള്‍ ആക്രമിച്ചെന്നും തനിക്കെതിരെ വധഭീഷണി നടത്തുകയും കല്ലറിയുകയും തെറിവിളിക്കുകയും ചെയ്തെന്ന് അമ്മിണി പരാതിയില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അറിവുന്ന ആളുകളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അവര്‍ പറഞ്ഞു.
ഡിസംബര്‍ 23ന് ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയെങ്കിലും ചില സംഘടനകളുടെ ഭീഷണിയും ആക്രമണവും കാരണം തിരികെ പോകുകയായിരുന്നു. അതേസമയം ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന പേരില്‍ പലവിധത്തിലുള്ള ഉപദ്രവങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു