കൊച്ചി: കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇതിനിടെ, താരത്തിനെ ചികിത്സിക്കുന്ന ഡോക്ടർ സുധീന്ദ്രൻ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബിലിറൂബിന്റെ അളവ് ബാലയിൽ വളരെ കൂടുതലായിരുന്നുവെന്നാണ് കരൾ രോഗ വിദഗ്ധനായ ഡോക്ടറുടെ വാക്കുകൾ.
ഭക്ഷണം കഴിക്കാനാകാതെ ശാരീരിക സ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് അവസ്ഥ ഗുരുതരമാകുമെന്ന് മനസിലാക്കി ബാലയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ബാലയുടെ ആരോഗ്യനില സ്റ്റേബിൾ ആണെന്നു ഡോക്ടർ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
‘ബാല അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് കൂടുതലായിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20-30% മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ.’- എന്നാണ് ഡോ. സുധീന്ദ്രന്റെ വാക്കുകൾ.
സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസമാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ലെന്ന് തന്നെ പറയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലതെന്നും ഡോക്ടർ വിശദീകരിച്ചു.
നിലവിൽ ബാലയുടെ ആരോഗ്യസ്ഥിതി സ്റ്റേബിളാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ബാലയെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നെങ്കിലും നോർമൽ അല്ലായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റിവെയ്ക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.