തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി ലഭിച്ച ചാലക്കുടി സ്വദേശിയായ യുവാവ് വെന്റിലേറ്ററില്‍. അബോധാവസ്ഥയിലുള്ള ചാലക്കുടി പോട്ട സ്വദേശി മണി അയ്യപ്പന്റെ മകന്‍ അമലിനെ (25) ആണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഹെല്‍ത്ത് ടോണിക്കിന് പകരം അലര്‍ജിയുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നല്‍കിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
പ്രായമായ അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിന്റിങ് തൊഴിലാളിയായ അമല്‍. ബൈക്ക് അപകടത്തെത്തുടര്‍ന്ന് കൈകാലുകള്‍ ഒടിഞ്ഞ് ഒരു മാസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമല്‍ അസുഖം ഭേദമായതിനാല്‍ വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം.
ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പില്‍നിന്നാണ് മരുന്ന് മാറി ലഭിച്ചത്. ഡോക്ടര്‍ എഴുതി നല്‍കിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതര്‍ നല്‍കുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റര്‍ സഹായമുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
മരുന്ന് മാറി നല്‍കിയ വിവരമറിഞ്ഞെത്തിയ ഡോക്ടര്‍, ഷോപ്പ് ചുമതലക്കാരനെ വാര്‍ഡില്‍ വിളിച്ചുവരുത്തി ശാസിച്ചു. നടത്തിപ്പുകാരന്‍ മണിയെ കണ്ട് തെറ്റുസമ്മതിച്ച് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് മണി പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
മരുന്ന് തെറ്റി നല്‍കിയെന്നു സമ്മതിക്കുന്ന ആശുപത്രി അധികൃതര്‍ ഈ മരുന്ന് കഴിച്ചതുകൊണ്ടല്ല ആരോഗ്യനില വഷളായതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ അതേസമയം, മികച്ച ചികിത്സയ്ക്ക് ഡോക്ടര്‍ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്.