കോഴിക്കോട്: ജീവിതത്തില്‍ പുതിയ സ്വപ്നങ്ങള്‍ സമ്മാനിച്ച കുഞ്ഞു മാലാഖയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി ട്രാന്‍സ് ദമ്പതികളായ സഹദും സിയയും. കുഞ്ഞിക്കാതില്‍ സഹദും സിയയും പേര് ചൊല്ലി വിളിച്ചു. ഇതാ ഞങ്ങളുടെ കുഞ്ഞെന്ന് അഭിമാനത്തോടെ അവര്‍ ലോകത്തോട് പറഞ്ഞു. ‘പ്രകാശിക്കുന്നവള്‍’ എന്നര്‍ഥം വരുന്ന സബിയ സഹദ് എന്നാണ് കുഞ്ഞിന് പേരിട്ടത്.
കോഴിക്കോട് വെച്ചാണ് പേരിടല്‍ ചടങ്ങ് നടന്നത്. കുട്ടിയുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇരുവരും സോഷ്യല്‍ പങ്കുവെച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
തങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറച്ചവള്‍ക്ക് ഇതിനേക്കാള്‍ മനോഹരമായൊരു പേരില്ലെന്ന് സിയയും സഹദും പറയുന്നു. കുഞ്ഞ് ജനിച്ചതിന്റെ ഇരുപത്തിയെട്ടാം ദിവസവും വനിതാ ദിനവും ഒരുമിച്ച് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ സിയ കുഞ്ഞിന്റെ അമ്മയും സഹദ് അച്ഛനും ആകാന്‍ പോകുന്നതിന്റെ സന്തോഷവും ഇരുവരും ചടങ്ങില്‍ പങ്കുവെച്ചു. രണ്ടു പേര്‍ക്കും സര്‍ക്കാരിന്റെ ട്രാന്സ്ജന്ഡര് ഐഡന്റി കാര്‍ഡ് ഉള്ളതിനാല്‍ ആഗ്രഹിച്ചതു പോലെ തന്നെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭിക്കുമെന്നും ഇരുവരും പ്രതീക്ഷ പങ്കുവച്ചു.
Discussion about this post