കൊച്ചി: സ്ഥലംമാറ്റ ഉത്തരവ് വന്നതിന് പിന്നാലെ കളക്ടര്‍ രേണുരാജിന്റെ ‘പ്രതിഷേധ മുന’യുള്ള പോസ്റ്റ് വൈറല്‍. വനിതാ ദിനാശംസയായി കളക്ടര്‍ ബുധനാഴ്ച വൈകീട്ട് കുറിച്ച വരികളാണ് ശ്രദ്ധേയമാകുന്നത്. ‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്താണ് പ്രതിഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി കളക്ടര്‍ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ കുറിച്ചത്.
അതേസമയം, ഏഴ് മാസവും 12 ദിവസവും എറണാകുളം ജില്ലയെ നയിച്ചത്
കളക്ടര്‍ രേണു രാജ് ആണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തില്‍ കോര്‍പ്പറേഷനൊപ്പം ജില്ലാ ഭരണകൂടവും ‘പുകഞ്ഞു പുകഞ്ഞ് കത്തു’മ്പോഴാണ് ബുധനാഴ്ച സ്ഥലംമാറ്റം കിട്ടിയത്.
ഏഴ് ദിവസമായി ബ്രഹ്മപുരത്തെ തീയും പുകയും കൊച്ചിയെ ശ്വാസംമുട്ടിക്കുകയാണ്. തീയും പുകയും ശമിപ്പിക്കാന്‍ രേണു രാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ കളക്ടറെ സ്ഥലംമാറ്റിയതില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്. വയനാട് ജില്ലയിലാണ് രേണു രാജിന്റെ അടുത്ത തട്ടകം. എറണാകുളം കളക്ടറായി എന്‍എസ്കെ ഉമേഷ് ചുമതലയേല്‍ക്കും.
Discussion about this post