കോഴിക്കോട്: ഹര്‍ത്താലിനെ മറി കടന്ന് തുറന്ന കടകള്‍ക്ക് പോലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അക്രമം നടത്തിയവരെ പിടിച്ച് കൊടുത്തിട്ടും പോലീസ് വെറുതെ വിടുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. ഹര്‍ത്തലിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളില്‍ ഉടന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. നാളെ തന്നെ കോടതിയെ സമീപിക്കുമെന്നും ടി നസീറുദ്ദീന്‍ പറഞ്ഞു.
അതേസമയം, മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത കടകള്‍ പുനര്‍നിര്‍മ്മിക്കാനാവശ്യമായ സഹായം നല്‍കമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
മിഠായിത്തെരുവില്‍ തുറന്ന കടകള്‍ ബിജെപി, ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു. ഇനി വരുന്ന ഹര്‍ത്താലുകളുമായി സഹകരിക്കില്ല എന്ന് നേരത്തേ തന്നെ മിഠായിത്തെരുവിലെ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. സംഘടനാഭേദമില്ലാതെ പത്തുമണിയോടെ വ്യാപാരികള്‍ കടകള്‍ തുറന്നു. മിഠായിത്തെരുവിന് പോലീസ് വലിയ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പതിനൊന്ന് മണിയോടെ മിഠായിത്തെരുവില്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് സുരക്ഷ മറികടന്ന് മിഠായിത്തെരുവിലേക്ക് ഇരച്ചുകയറി. കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ച അയ്യപ്പ കര്‍മ്മസമിതിക്കാരെ വ്യാപാരികള്‍ സംഘടിതമായി ചെറുത്തു. ഇതോടെ അക്രമികള്‍ കടകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു.
Discussion about this post