പുനലൂര്‍: രണ്ട് മക്കളെയും കൊണ്ട് ആറ്റില്‍ ചാടിയ അമ്മയും മക്കളും മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ പാറയില്‍ ജംക്ഷന്‍ പാലമൂട്ടില്‍ വീട്ടില്‍ സജി ചാക്കോയുടെ ഭാര്യ, പിറവന്തൂര്‍ കമുകുംചേരി ചരുവിള പുത്തന്‍ വീട്ടില്‍ രമ്യ (30), മക്കളായ സരയൂ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പുനലൂരില്‍ കല്ലടയാറ്റില്‍ വ്യവസായ പാര്‍ക്കിനു സമീപമാണ് സംഭവം. കണിയാപുരത്തെ സ്വകാര്യ ക്ലിനിക്കില്‍ എക്‌സ്‌റേ ടെക്‌നിഷ്യനായ രമ്യ ജോലി കഴിഞ്ഞ് രാവിലെ എത്തിയ ശേഷം ക്ഷേത്രത്തില്‍ പോകുന്നെന്നു പറഞ്ഞാണ് മക്കളെയും കൊണ്ട് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയത്.
കല്ലടയാറ്റില്‍ കുര്യോട്ടുമല ശുദ്ധജല പദ്ധതിക്ക് വെള്ളം ശേഖരിക്കുന്ന പമ്പ് ഹൗസിനു സമീപത്തെ കടവില്‍ നിന്നാണ് മക്കളെയും കൊണ്ട് യുവതി ആറ്റിലേക്ക് ചാടിയത്. ഈ കാഴ്ച കണ്ട് ഇവര്‍ ശബ്ദം ഉയര്‍ത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷനേരം കൊണ്ട് ആറ്റിലേക്കു ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു.പ്രദേശവാസികള്‍ മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകാതെ അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
രമ്യയുടെ ബാഗിലും കല്ലുവാതുക്കല്‍ വീട്ടിലെ ഡയറിയിലും മരണം സൂചിപ്പിക്കുന്ന വിവരങ്ങള്‍ എഴുതിവച്ചത് കണ്ടെത്തി. സാമ്പത്തിക ബാധ്യതയുണ്ടെന്നും കുട്ടികളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും കത്തില്‍ എഴുതിയിട്ടുണ്ടെന്ന് പുനലൂര്‍ പൊലീസ് പറഞ്ഞു. സരയൂ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും സൗരവ് അങ്കണവാടി വിദ്യാര്‍ഥിയുമാണ്.