419,554 വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് തുടങ്ങും.
419,554 വിദ്യാര്‍ത്ഥികളാണ് ആകെ പരീക്ഷയ്ക്കായി എത്തുക. അതില്‍ 4,19,362 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളും 192 പേര്‍ പ്രൈവറ്റ് വിദ്യാര്‍ഥികളും ആണ്. ഇതില്‍ തന്നെ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. രാവിലെ 9.30നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങള്‍ നല്‍കിയത്. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്.

മാര്‍ച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്. മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421 പരീക്ഷാ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതും.

Exit mobile version