സമ്പാദ്യം മുഴുവന്‍ പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാന്‍ വേണ്ടിയുള്ള വിവാഹ നാടകം: ഷുക്കൂര്‍ വക്കീലിനെതിരെ ഫത്വ

കോഴിക്കോട്: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത നടന്‍ ഷുക്കൂര്‍ വക്കീലിനെതിരെ സമസ്തയുടെ കീഴിലുള്ള ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിയുടെ ഫത്വ കൗണ്‍സില്‍. ഷുക്കൂര്‍ വക്കീലിന്റെ വിവാഹ രജിസ്‌ട്രേഷന്‍ നാടകമാണെന്ന് ഫത്വ കൗണ്‍സില്‍ പ്രസ്താവന ഇറക്കി.

മരണാനന്തരം മുഴുവന്‍ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാന്‍ വേണ്ടിയാണ് വിവാഹ നാടകം. ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണ്.

സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളെ സമഗ്രമായി മനസ്സിലാക്കാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകള്‍. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നും ഫത്വയില്‍ പറയുന്നു.

അതേസമയം, തന്നെ ആരെങ്കിലും കായികമായി ആക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ പ്രസ്താവന ഇറക്കിയവര്‍ മാത്രമായിരിക്കുമെന്ന് നടന്‍ പ്രതികരിച്ചു.
മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല, ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാനും ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിരോധം എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ തന്നെ കായികമായി ആക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ പ്രസ്താവനയിറക്കിയവര്‍ മാത്രമായിരിക്കും.

നിയമപാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു. എല്ലാ മനുഷ്യരെയും തുല്യരായി കാണുവാന്‍ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കറിച്ചു.

ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ വെച്ചായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം വിവാഹം. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷികളായി.

Exit mobile version