ആലപ്പുഴ: മദ്യലഹരിയിൽ അമ്മയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. കുറത്തിയാട് പുത്തൻത്തറയിൽ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഇളയ മകൻ മിഥുൻ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. മിഥുന്റെ പിതാവ് മോഹനനും സംഭവത്തിൽ പങ്കുണ്ടെന്ന മൊഴിയുടെ പശ്ചാത്തലത്തിൽ ഇയാളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
മിഥുനും പിതാവ് മോഹനനും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ മദ്യം വാങ്ങുന്നതിനുള്ള പണത്തിനു വേണ്ടി ഇവർ രമയെ സമീപിച്ചു. എന്നാൽ, പണം നൽകാൻ അവർ വിസമ്മതിച്ചതോടെ മിഥുൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കുടുംബപ്രശ്നങ്ങൾ കാരണം മറ്റൊരു മകനോടൊപ്പം വാടകവീട്ടിൽ മാറി താമസിക്കുകയായിരുന്നു രമ. പിന്നീട് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇവർ വീട്ടിലേക്ക് മടങ്ങിവന്നത്.
അതേസമയം, മിഥുൻ സ്ഥിരമായി അമ്മയെ ആക്രമിക്കാറുണ്ടെന്നും മദ്യത്തിനും ലഹരിമരുന്നിനും അടിമയാണെന്നും നാട്ടുകാർ പറയുന്നു.
Discussion about this post