തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കാളിയായി മുസ്ലിം വിശ്വാസിയും.
പൊങ്കാലയിടുന്ന ഒരു മുസ്ലിം യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തിരുവനന്തപുരം പാറ്റൂര്‍ തമ്പുരാന് മുക്ക് സ്വദേശി അമിത് ഖാന് ആയിരുന്നു വൈറലായത്. കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹം സഫലമായി എന്നാണ് അമിത് പറയുന്നത്.
മുന്‍ നഗരസഭ കൗണ്‍സിലറും പാളയം ലോക്കള് കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനുവാണ് തന്റെ സ്വപ്നം സഫലമാക്കിയതെന്നും അമിത് പറയുന്നു. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കാളിയാവുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നു. പക്ഷേ പലര്‍ക്കും അലോസരം ഉണ്ടാക്കിയിരുന്നതിനാല്‍ മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇക്കൊല്ലം പതിവുപോലെ പൊങ്കാല അര്‍പ്പിക്കുന്നത് നോക്കിക്കാണാന്‍ ജനറല്‍ ആശുപത്രി ജങ്ഷനിലേക്ക് എത്തിയതായിരുന്നു.
എന്നാല്‍ ഇക്കൊല്ലം തന്റെ മനസിലെ വര്‍ഷങ്ങളായുള്ള ആഗ്രഹം ഉള്ളിലൊതുക്കാന്‍ കഴിഞ്ഞില്ല. സിഐടിയു-വിന്റെ നേതൃത്വത്തില്‍ പൊങ്കാല അര്‍പ്പിക്കാന്‍ സജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇത് കണ്ടപ്പോള്‍ വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹം മുന്‍ നഗരസഭ കൗണ്‍സിലറും പാളയം ലോക്കള് കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനുവിനോട് പറഞ്ഞു.
‘പിന്നെന്താ കൂടെ വാ’ എന്നായിരുന്നു ഐപി ബിനുവിന്റെ മറുപടി. പിന്നെ സ്ഥലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രമായി അമിത് മാറി. തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിലെ പൂജാരിക്കൊപ്പം സിഐടിയു പ്രവര്‍ത്തകര്‍ ഒരുക്കിയ പണ്ടാര അടുപ്പില്‍ നിവേദ്യം അര്‍പ്പിക്കാനും പൊങ്കാലനിവേദ്യത്തിനും അമിത് മുന്നിലുണ്ടായിരുന്നുവെന്നും ഐ പി ബിനു ഫേസ്ബുക്കില്‍ കുറിച്ചു.
അടുത്ത വര്‍ഷവും പൊങ്കാല ഇടും, ഞാന്‍ മതവിശ്വാസിയാണ്, പക്ഷേ, എല്ലാ മതങ്ങളും മനുഷ്യരും ഒന്നാണന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം എന്ന് അമിത് ഖാന് പറഞ്ഞു.
Discussion about this post