കൊല്ലം: കുളത്തൂപ്പുഴ പോക്സോ കേസിലെ അതിജീവിതയായ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം അഞ്ചിന് പെൺകുട്ടിയെ കാണാതായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഓയൂരിൽ യുവാവിന്റെ വീട്ടിൽനിന്നു പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ ശാരീരിക പരിശോധനയ്ക്കുശേഷം അമ്മയ്ക്കൊപ്പം വിട്ടു. ഇന്നു ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയായിരുന്നു. പിന്നാലെ സമീപമുള്ള വനത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
Discussion about this post