കാസര്‍കോട്: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവി ഷീനയും. മാര്‍ച്ച് എട്ടിന് താനും ഭാര്യയും രണ്ടാമതും വിവാഹിതരാവാന്‍ പോകുകയാണെന്ന് നേരത്തെ ഷുക്കൂര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂറും ഷീനയും വിവാഹിതരായത്. അച്ഛന്റെയും അമ്മയുടെയും രണ്ടാം വിവാഹത്തിന് സാക്ഷികളാകാന്‍ മക്കളായ ഖദീജ ജാസ്മിന്, ഫാത്തിമ ജെബിന്, ഫാത്തിമ ജെസ എന്നിവരും എത്തിയിരുന്നു.
ഇന്ന് രാവിലെ പത്തേ കാലോടെയായിരുന്നു വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയെട്ടാം വര്‍ഷമാണ് ഷുക്കൂറിന്റെയും ഷീനയുടെയും രണ്ടാം വിവാഹം നടന്നത്. 1994 ഒക്ടോബര്‍ ആറിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലായിരുന്നു ഇവര്‍ ആദ്യം വിവാഹിതരായത്.
എന്നാല്‍ മുസ്ലീം പിന്തുടര്ച്ച നിയമപ്രകാരം ആണ്മക്കളുണ്ടെങ്കില് മാത്രമേ മുഴുവന്‍ സ്വത്തും കൈമാറാന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ സ്വത്തിന്റെ രണ്ട് ഓഹരി മക്കള്‍ക്കും ഒരു ഓഹരി സഹോദരങ്ങള്‍ക്കും പോകും. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ്.
മക്കള്‍ക്ക് തങ്ങളുടെ മുഴുവന്‍ സ്വത്തും കിട്ടാന്‍ വേണ്ടിയാണ് ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതെന്ന് ഷുക്കൂര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Discussion about this post