തൃശൂർ: വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവർ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി മരിച്ച സംഭവത്തിൽ എട്ടുപേർക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ്. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. തൃശൂർ – തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കേസിൽ എട്ടംഗ കൊലയാളി സംഘം ഒളിവിലാണ്.
ശിവരാത്രി ദിവസം രാത്രി ചിറയ്ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സഹറിന് മർദ്ദനമേറ്റത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട എട്ടംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ സഹർ, സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ വീട്ടിലെത്തിയ സഹർ പുലർച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സഹറിനെ എത്തിച്ചു. പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് യുവാവിന് മരണം സംഭവിച്ചത്.
ഇതിനിടെ, തിരുവാണിക്കാവിൽ മരിച്ച ബസ് ഡ്രൈവർ സഹറിനെ സദാചാര സംഘം മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി. യുവാവിനെ സംഘം മർദ്ദിക്കുന്നത് സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിലാണ് പതിഞ്ഞത്.
മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നാണ് വിവരം. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.
Discussion about this post