തിരുവനന്തപുരം:ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം വരുന്ന ചുടുകല്ലുകൾ ഭക്തർക്ക് ആവശ്യമെങ്കിൽ തിരികെ കൊണ്ടുപോകാമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ. പൊങ്കാലയ്ക്ക് ശേഷം കല്ല് ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് കോർപറേഷൻ വിശദീകരിച്ചു.
പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും.
ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശവമുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണെന്നും കോർപ്പറേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
മുൻവർഷങ്ങളിൽ ഇത്തരത്തിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുകല്ലുകൾ പുനരുപയോഗിച്ച് മുൻഗണനാ ക്രമത്തിൽ വിവിധ ഭവനപദ്ധതികൾക്ക് (ലൈഫ് ഉൾപ്പെടെയുള്ള) ഉപയോഗപ്പെടുത്തും.
നിലവിൽ നഗരസഭയ്ക്ക് എതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആറ്റുകാൽ പൊങ്കാലയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സന്നദ്ധ സംഘടനകൾക്കും എല്ലാ പിന്തുണയും നൽകണമെന്നും കോർപറേഷൻ അഭ്യർത്ഥിക്കുകയാണ്.
പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും കോർപ്പറേഷൻ അറിയിച്ചു. പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷൻ എൻ ഐ എസ് ടി യുമായി സഹകരിച്ച് നടപടി കൈക്കൊള്ളുന്നുണ്ട്. പൊങ്കാല ദിവസത്തിന് മുൻപും അന്നേദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോർഡ് നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും കോർപ്പറേഷൻ അറിയിച്ചു.
Discussion about this post