തൃക്കാക്കര: കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തൃശൂര്‍ മാള കളത്തിപ്പറമ്പ് വീട്ടില്‍ ഗോപകുമാറി (20)നെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനിടെ പട്ടിക കൊണ്ടുള്ള അടിയേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
തൃശൂര്‍ സ്വദേശികളായ ഇരുവരും ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവാവ് ആദ്യം മര്‍ദ്ദിച്ചത്. റസ്റ്റോറന്റുകാര്‍ തടഞ്ഞതോടെ വൈകിട്ട് മൂന്നരയ്ക്ക് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ യുവതിയെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കി ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
തലയിലും നെഞ്ചിലും കൈകാലുകളിലും പട്ടികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം യുവതിയെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരുന്നതു കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പ്രണയത്തിലായശേഷം നാടുവിട്ട ഇരുവരും ആറു മാസമായി എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്തു വരികയായിരുന്നു. ആറു ദിവസം മുമ്പാണ് ഉണിച്ചിറയിലെ റെസ്റ്റോറന്റില്‍ ജോലിയില്‍ പ്രവേശിച്ചത്.
Discussion about this post