കോട്ടയം: ബാങ്ക് തട്ടിപ്പിന് ഇരയായ ‘ശ്വേത മേനോൻ’ താൻ അല്ലെന്ന് വിശദീകരിച്ച് നടി ശ്വേത മേനോൻ രംഗത്ത്. താൻ തട്ടിപ്പിന് ഇരയായതായി കാട്ടി ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും താരം അറിയിച്ചു.
നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും അവർക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. എന്നാൽ താനല്ല വാർത്തയിൽ പരയുന്ന വ്യക്തിയെന്ന് താരം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളം ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടമായെന്നാണ് വാർത്ത. പണം നഷ്ടപ്പെട്ടവരിൽ നടി ശ്വേത മേനോനും ഉൾപ്പെടുന്നുവെന്നു കാണിച്ച് താരത്തിന്റെ ചിത്രവും ചില മാധ്യമങ്ങൾ നൽകിയിരുന്നു.
ഫോണിലേക്ക് ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിൽനിന്ന് പലർക്കും ലക്ഷങ്ങൾ ചോർന്നതെന്നായിരുന്നു റിപ്പോർട്ട്. ശ്വേത മേമൻ എന്നു പേരുളള ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോന്റെ പേര് വാർത്തകളിൽ ഉൾപ്പെടാൻ ഇടയാക്കിയതെന്നാണ് സൂചന.
കെവൈസി, പാൻ വിവരങ്ങൾ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരിൽ പലരും അറിഞ്ഞത്. ഇതോടെ സംഭവത്തെ തുടർന്ന് രഹസ്യവിവരങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.