തേവലക്കര: ഉല്ലാസ യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച ശിക്കാരവള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍ നിന്നും കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പതുപേരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. സമീപത്ത് കൂടി കടന്നു പോകുകയായിരുന്ന യാത്രാബോട്ട് അടുപ്പിച്ചാണ് വള്ളത്തിലുണ്ടായിരുന്ന ഒന്‍പതുപേരെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം വൈകിട്ട് 3.45 ന് അഷ്ടമുടിക്കായലില്‍ പെരിങ്ങാലത്തിനും കോയിവിള ജെട്ടിക്കും ഇടയിലായിരുന്നു അപകടം. കായലിന്റെ മധ്യഭാഗത്ത് മുങ്ങി തുടങ്ങിയ ശിക്കാര വള്ളത്തില്‍ നിന്ന് ഉയര്‍ന്ന നിലവിളി യാത്രാബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയും സഞ്ചാരപാതയില്‍ നിന്ന് തിരിച്ചു വിട്ടു 10 മിനിറ്റോളം സഞ്ചരിച്ച് അപകടം നടന്ന സ്ഥലത്ത് എത്തുകയുമായിരുന്നു.
ഈ സമയത്തിനിടെ വള്ളത്തിലെ ഡ്രൈവര്‍ അശ്വിന്‍ യാത്രക്കാരെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് സുരക്ഷിതരാക്കുകയും കൈക്കുഞ്ഞിനെ ഉയര്‍ത്തി പിടിച്ച് സഹായം തേടുകയുമായിരുന്നു. ബോട്ടു അതുവഴി സഞ്ചരിക്കുന്ന സമയം ആയിരുന്നതും അപകടാവസ്ഥ ശ്രദ്ധയില്‍പ്പെടാന്‍ ഇടയായതുമാണു പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനു സഹായകമായത്.
ബോട്ട് മാസ്റ്റര്‍ സാമുവേല്‍, സ്രാങ്ക് എ.പി.രാജു, ഡ്രൈവര്‍ അജയകുമാര്‍, ലാസ്‌കര്‍മാരായ കൃഷ്ണന്‍കുട്ടി, ആദര്‍ശ് എന്നിവരുടെ ഇടപെടല്‍ തങ്ങള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടുന്നതില്‍ നിര്‍ണായകമായെന്ന് ശിക്കാരയില്‍ സഞ്ചരിച്ച കുടുംബം പറയുന്നു. കോവൂര്‍ തോപ്പില്‍ മുക്ക് ജയ നിലയത്തില്‍ രാധാകൃഷ്ണപിള്ള, ഭാര്യ ജയകുമാരി, മക്കളായ ദിവ്യ, വിദ്യാ, ഇവരുടെ മക്കളായ ആകാശ്. ആയുഷ്, വിജിത്ത്, മുന്നുമാസം പ്രായമുള്ള വിപഞ്ചിക എന്നിവരും വള്ളം ഓടിച്ചിരുന്ന അരിനല്ലൂര്‍ കാട്ടുവിള വടക്കേതില്‍ അശ്വിനുമാണ് അപകടത്തില്‍ പെട്ടത്.
ഉച്ചയ്ക്ക് 2.15ന് പട്ടകടവ് മഞ്ഞാടിക്കടവില്‍ നിന്നാണ് കുട്ടികളടക്കമുള്ള കുടുംബം യാത്ര പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരുമായി മടങ്ങിയ ജലഗതാഗത വകുപ്പിന്റെ ബോട്ട് അടുത്ത സര്‍വ്വീസിനായി കോയിവിള ബോട്ട് ജെട്ടിയിലെത്തിയപ്പോള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ജീവനക്കാരെ അനുമോദിച്ചു.
അതേസമയം, ലൈസന്‍സില്ലാതെ അപകടകരമായ രീതിയില്‍ വള്ളം സര്‍വീസ് നടത്തിയതിനെതിരെ വള്ളം ഓടിച്ചിരുന്ന അശ്വിനു എതിരെ തെക്കുംഭാഗം പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. വള്ളത്തിന്റെ എന്‍ജിന്‍ പോലീസ് മാറ്റിയിട്ടുണ്ട്.