കൊച്ചി: തനിക്ക് എതിരെ ഉയർന്ന പണം തട്ടിക്കാനാണ് മമധർമ്മ എന്ന ആരോപണത്തെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ എന്ന അലി അക്ബർ. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളിൽനിന്ന് പണം സ്വീകരിച്ച് നിർമിച്ച ചിത്രമായ ‘പുഴ മുതൽ പുഴ വരെ’ റിലീസായ സാഹചര്യത്തിലാണ് രാമസിംഹൻ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ മുതൽ തന്നെ ജനങ്ങൾ നൽകിയ പിരിഞ്ഞു കിട്ടിയ പണം രാമസിംഹൻ സിനിമയ്ക്ക് വേണ്ടി വിനിയോഗിച്ചില്ലെന്ന് ചിലർ ആരോപണം ഉന്നയിച്ചിരുന്നു. സിനിമ പുറത്തിറങ്ങിയ സാഹചര്യത്തിൽ വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ ( അലി അക്ബർ).
പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നിൽ ഒരേക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു. ബാക്കി പൂഴ്ത്തി വച്ചിട്ടുണ്ടെന്നുമൊക്കെയാണ് രാമസിംഹൻ പറയുന്നത്.
ഈ പണം എന്തു ചെയ്യണമെന്ന് അറിയില്ല. ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല. എല്ലാം എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയിൽ താഴെ പണം പിരിഞ്ഞു കിട്ടി. അതിൽ കടവും ഉൾപ്പെടും. സിനിമ ഇപ്പോൾ തിയേറ്ററുകളിലെത്തിക്കഴിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിൽ 86 തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. മലബാർ കലാപത്തിന്റെ യഥാർഥ ചരിത്രമാണ് ഈ ചിത്രം പറയുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് സിനിമ ഒരുക്കിയത്. സിനിമ ഒരുക്കിയിരിക്കുന്നത് അനുഭവസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആധുനിക രാഷ്ട്രീയപ്രവർത്തകർ വാരിയം കുന്നനെ മഹത്വവൽക്കരിച്ച് എഴുതിയിട്ടുണ്ട്. അവർ ആരോട് ചോദിച്ചാണ് ചരിത്രം എഴുതിയത്. മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുമെന്ന പ്രഖ്യാപിച്ച മറ്റു ചിത്രങ്ങൾ എന്തുകൊണ്ട് നടന്നില്ല. ഞങ്ങൾ ആരും അവരെ എതിർത്തില്ല. അവർ സിനിമ എടുത്താൽ ഞങ്ങളും എടുക്കുമെന്നാണ് പറഞ്ഞത്. ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. ഒരു പക്ഷേ പൃഥ്വിരാജ് ചെയ്യുമെന്ന് ഉറപ്പിച്ചുവെങ്കിൽ സിനിമ നടന്നേനെ. ചരിത്രബോധം ഇല്ലാത്തത് കൊണ്ടായിരിക്കാം അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹം ചരിത്രം വായിച്ചുകാണാമെന്നും രാമസിംഹൻ പ്രതികരിച്ചു.
Discussion about this post